International
വാഷിംഗ്ടണ് ഡിസി: പശ്ചിമേഷ്യയില് യുദ്ധം മുറുകുന്നതിനിടെ മേഖലയിലേക്കു പതിനായിരം കരസേനാംഗങ്ങളെകൂടി അയ്ക്കാനൊരുങ്ങി അമേരിക്ക. നിലവിലെ സ്ഥിതിഗതികള് പെന്റഗണ് വിലയിരുത്തുകയാണെന്നും കരസേനയെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. അതേസമയം, നയതന്ത്ര ചര്ച്ചകള്ക്കായി കൂടുതല് സമയം ആവശ്യപ്പെട്ടതിനെത്തുടര്ന്ന് ഇറാനു നല്കിയിരുന്ന സമയപരിധി ഏപ്രില് ആറു വരെ നീട്ടിയതായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പറഞ്ഞു.
ഒരു മാസമായി തുടരുന്ന യുദ്ധം ആഗോള ഊര്ജവിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇറാന് ചര്ച്ചയ്ക്കു സമയം നീട്ടി ചോദിച്ചതെന്നു ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില് ട്രംപ് വ്യക്തമാക്കി. തങ്ങള്ക്കു കുറച്ചുകൂടി സമയം വേണമെന്ന് ഇറാന് ആവശ്യപ്പെട്ടിട്ടുണ്ട്. അവര് ചെയ്യേണ്ട കാര്യങ്ങള് ചെയ്തില്ലെങ്കില് ഇറാന്റെ ഊര്ജസ്രോതസുകള് തകര്ക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ഹോര്മുസ് കടലിടുക്ക് അടച്ചിടാനാണ് നീക്കമെങ്കില് ഇറാന്റെ ഊര്ജനിലയങ്ങള് ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പു നല്കിയിരുന്നു. ഇതിനു പകരമായി മേഖലയിലെ അമേരിക്കന് കേന്ദ്രങ്ങള് ആക്രമിക്കുമെന്ന് ഇറാനും ഭീഷണിമുഴക്കിയിരുന്നു.
ഇതിനിടെ, നയതന്ത്ര നീക്കങ്ങള് തുടരുന്നതിനിടെ ട്രംപ് തന്റെ മുന്നിലപാടില് മാറ്റം വരുത്തിയതായാണ് സൂചന. ഇറാനെതിരായ യുദ്ധത്തില് അമേരിക്ക സൈനികമായി വിജയിച്ചുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങള് ഇറാന്റെ നാവിക-മിസൈല് ശേഷിയെ തകര്ത്തെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലെ ചര്ച്ചകള് മേഖലയിലെ സമാധാനശ്രമങ്ങളില് നിര്ണായകമാകും.
NRI
കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയിൽ രാജ്യത്തെ സംരക്ഷിച്ചു നിർത്തുന്നതിൽ കുവൈറ്റ് സൈന്യം കാണിക്കുന്ന ജാഗ്രതയും കാര്യപ്രാപ്തിയും പരക്കെ പ്രശംസിക്കപ്പെടുന്നു. ഭീകരമായ വ്യോമാക്രമണമുണ്ടാകുമ്പോഴും ശക്തമായ ചെറുത്ത് നില്പിലൂടെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനത്തെ കാത്തു നിർത്തുകയാണ് സൈന്യം.
കുവൈറ്റിലേക്ക് വന്ന ഇരുന്നൂറിനടുത്ത് മിസൈലുകളും നാനൂറോളം ഡ്രോണുകളുമാണ് കുവൈറ്റ് പ്രതിരോധ സേന ആകാശത്തുവച്ച് തന്നെ തകർത്തത്. ഈ നടപടിയെ അധികൃതർ പ്രശംസിച്ചു.
തുടർച്ചയായി മുഴങ്ങിക്കൊണ്ടിരിക്കുന്ന സൈറണുകൾ ജനത്തെ അല്പം പരിഭ്രാന്തരാക്കുമ്പോഴും മികവുറ്റ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് സൈന്യം രാജ്യത്തിന്റെ ആകാശവും അതിർത്തികളും കടന്നെത്തുന്ന ഭീഷണികളെ പരാജയപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
ഇത് മൂലം വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാനും നാശനഷ്ടങ്ങളും ഒഴിവാക്കാനുമായി. രാജ്യത്തിന്റെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന എല്ലാ ഇടപെടലുകളെയും ചെറുത്ത് തോല്പിക്കുമെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
National
ജമ്മു: ജയ്ഷ് ഇ മുഹമ്മദ് സ്വയംപ്രഖ്യാപിത കമാൻഡർ ഉൾപ്പെടെ മൂന്നു പാക് ഭീകരരെ അമർച്ച ചെയ്ത കിഷ്ത്വാറിലെ സൈനികനടപടി നീണ്ടത് 326 ദിവസം.
പ്രദേശത്തെ ദുഷ്കരമായ മലമടക്കുകളിൽ പ്രതികൂല കാലാവസ്ഥയെ അഭിമുഖീകരിച്ചാണ് സൈന്യത്തിന്റെ നിർണായകനേട്ടം. സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ നീക്കമാണു വിജയത്തിലെത്തിയത്.
കൊടുംഭീകരനായ ജയ്ഷ് ഇ മുഹമ്മദ് കമാൻഡർ സെയ്ഫുള്ളയും കൊല്ലപ്പെട്ടവരിൽ ഉണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക് പൗരനായ ഇയാൾ സെയ്ഫുള്ള അഞ്ചുവർഷം മുന്പാണു കാഷ്മീരിലേക്കു നുഴഞ്ഞുകയറിയത്.
National
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും ജെയ്ഷെ കമാൻഡറുമായ സെയ്ഫുള്ള ബലോച് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ കരസേനയും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിച്ചിരുന്ന മൺവീട് വളഞ്ഞ സൈന്യം ശക്തമായ ആക്രമണത്തിലൂടെ മൂന്ന് പേരെയും വധിക്കുകയായിരുന്നു.
സൈനിക നായയായ ടൈസൺ ആണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ ടൈസൺ നിലവിൽ വിദഗ്ധ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് എകെ-47 റൈഫിളുകളും ഗ്രനേഡുകളും വൻതോതിൽ വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
CAREER DEEPIKA
അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ അവസരം. അഗ്നി വീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ വിഭാഗങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നു വരെ.
അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. ഓൺലൈൻ പൊതു എഴുത്തുപരീക്ഷ (സിഇഇ) ജൂണിൽ തുടങ്ങും. തുടർന്നു റാലിയും കായികക്ഷമതാ പരീക്ഷയും വൈദ്യപരിശോധനയും നടത്തും.
അപേക്ഷകർ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കണം. കേരളത്തിൽ തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസുകൾക്കു കീഴിലാണു തെരഞ്ഞെടുപ്പ്. തീയതികളും വേദിയും പിന്നീടു പ്രഖ്യാപിക്കും.
തസ്തികയും യോഗ്യതയും
=അഗ്നിവീർ ജനറൽ ഡ്യൂട്ടി: 45 % മാർക്കോടെ പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33 % മാർക്ക് വേണം.
=അഗ്നിവീർ ടെക്നിക്കൽ: 50 % മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 40 % മാർക്ക് വേണം.
അല്ലെങ്കിൽ എൻഐഒഎസ് ഉൾപ്പെടെ സെൻട്രൽ/സ്റ്റേറ്റ് ബോർഡുകളിൽനിന്നു ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളടങ്ങിയ സയൻസ് പ്ലസ് ടു ജയവും ഒരു വർഷത്തെ ഐടിഐ കോഴ്സും (എൻഎസ്ക്യൂഎഫ് ലെവൽ നാലോ അതിലധികമോ വേണം).
അല്ലെങ്കിൽ 50 % മാർക്കോടെ സയൻസ്, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളടങ്ങിയ പത്താം ക്ലാസ് ജയവും (ഓരോ വിഷയത്തിനും 40 % മാർക്ക് വേണം) ഇനിപ്പറയുന്ന വിഷയങ്ങളിൽ ഐടിഐ കളിൽനിന്നു രണ്ടു വർഷത്തെ ടെക് പരിശീലനം അല്ലെങ്കിൽ 2/3 വർഷ ഡിപ്ലോമ.
വിഷയങ്ങൾ:
മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക് മെക്കാനിക്, ടെക്നീഷൻ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, ഇലക്ട്രീഷൻ, ഫിറ്റർ, ഇൻസ്ട്രമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (എല്ലാ തരവും), സർവേയർ, ജിയോ ഇൻഫർമാറ്റിക്സ് അസിസ്റ്റന്റ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രിക് കമ്യൂണിക്കേഷൻ സിസ്റ്റം, വെസൽ നാവിഗേറ്റർ, മെക്കാനിക്കൽ എൻജിനിയറിംഗ്. ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഓട്ടമൊബൈൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്, ഇൻസ്ട്രമെന്റേഷൻ ടെക്നോളജി.
=അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ: 60 % മാർക്കോടെ പ്ലസ് ടു ജയം. ഓരോ വിഷയത്തിനും 50 % മാർക്ക് വേണം.
=അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്): പത്താം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33% മാർക്ക് വേണം.
=അഗ്നിവീർ ട്രേഡ്സ്മാൻ (എട്ടാം ക്ലാസ്): എട്ടാം ക്ലാസ് ജയം. ഓരോ വിഷയത്തിനും 33 % മാർക്ക് വേണം.
പ്രായപരിധി: എല്ലാ വിഭാഗങ്ങളിലേക്കും 17 ¹/2 -22. 2005 ജൂലൈ ഒന്നിനും 2009 ജൂലൈ ഒന്നിനുമിടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം.
ശാരീരികയോഗ്യത:
കരസേനാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം.
അഗ്നിവീർ ഉദ്യോഗാർഥികൾക്ക് യോഗ്യത അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. ഇവർ രണ്ട് വിഭാഗങ്ങളുടെയും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ട് പൊതു പ്രവേശന പരീക്ഷകൾക്ക് ഹാജരാകണം.
അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ പങ്കെടുത്തു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും മറ്റു യോഗ്യതകൾ പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്.
ആനുകൂല്യങ്ങൾ: നാലു വർഷം യഥാക്രമം 30,000, 33,000, 36,500, 40,000 രൂപയാണു ശമ്പളം. പുറമേ, സേനയിലെ സ്ഥിരനിയമനക്കാർക്കു സമാനമായ റിസ്ക് അലവൻസ്, യൂണിഫോം, യാത്രാ അലവൻസുകൾ തുടങ്ങിയവയും ലഭിക്കും.
സേവാനിധി: ശമ്പളത്തിന്റെ 30 % സേവാനിധി ഫണ്ടിലേക്കാണ്. ഇതിനു തുല്യമായ തുക (5.02 ലക്ഷം രൂപ) കേന്ദ്ര സർക്കാരും അടയ്ക്കും. 4 വർഷ കാലാവധി പൂർത്തിയാക്കുന്നവർക്കു പലിശ കൂടാതെ 10.04 ലക്ഷം രൂപയുടെ സേവാനിധി (നികുതിരഹിതം) ലഭിക്കും.
റിക്രൂട്ട്മെന്റ്: വിവിധ ആർമി റിക്രൂട്ട്മെന്റ് ഓഫീസുകളാണ് (എആർഒ) റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുക. 1.6 കിലോമീറ്റർ ഓട്ടം, ബീം പുള്ളപ്, 9 അടി ഡിച്ച്, സിഗ്സാഗ് ബാലൻസ് എന്നിവയാണു കായികക്ഷമതാപരീക്ഷയ്ക്കുള്ളത്.
ഓൺലൈൻ രജിസ്ട്രേഷൻ: www. joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ് ഗേറ്റ്വേയുമായി ചേർത്തിരിക്കും.
Kerala
തിരുവനന്തപുരം: കരസേനയിലേക്ക് അഗ്നിവീർ തെരഞ്ഞെടുപ്പിനുള്ള ഓണ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027ലെ അഗ്നിപത് സ്കീമിനു കീഴിൽ റിക്രൂട്ട് ചെയ്യുന്നതിനുള്ള അഗ്നിവീർ ഇൻടേക്കിനുള്ള സെലക്ഷൻ ടെസ്റ്റിനായി കേരളത്തിലെ ഏഴു ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) അവിവാഹിതരായ പുരുഷന്മാരിൽ നിന്ന് ഓണ്ലൈൻ അപേക്ഷ ക്ഷണിച്ചു.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ എന്നീ വിഭാഗങ്ങൾക്കായാണ് ഈ തെരഞ്ഞടുപ്പ്.
രണ്ടു ഘട്ടങ്ങളിലായാണ് അഗ്നിവീർ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓണ്ലൈൻ കന്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, റിക്രൂട്ട്മെന്റ് റാലി എന്നീ രണ്ടു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ്. എല്ലാ ഉദ്യോഗാർഥികളും ലേക്കു ലോഗിൻ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച് അവരുടെ പ്രൊഫൈൽ സൃഷ്ടിക്കുക. ഓണ്ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ ഒന്ന് ആണ്. ഓണ്ലൈൻ പരീക്ഷ ജൂണ് ഒന്നു മുതൽ 15 വരെ ആയിരിക്കും.
അഗ്നിവീർ ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതയെ അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ടു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്ഷനുകൾ തെരഞ്ഞെടുക്കുന്പോൾ ഉദ്യോഗാർഥികൾ രണ്ടു വിഭാഗങ്ങളുടേയും ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ടു പൊതു പ്രവേശന പരീക്ഷകൾക്ക് ഹാജരാകണം, എങ്കിലും, ഉയർന്ന ശാരീരികക്ഷമതാ പരീക്ഷ, ശാരീരിക അളവ് വേണ്ടി വരുന്ന വിഭാഗത്തിനു തെരഞ്ഞെടുക്കുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒരു റിക്രൂട്ട്മെന്റ് റാലിയിലും മെഡിക്കൽ ടെസ്റ്റിലും പങ്കെടുത്താൽ മതി. അപേക്ഷാ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥി വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം. റിക്രൂട്ട്മെന്റ് റാലി പൂർത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ ചോദിക്കും.
പത്താം ക്ലാസ്, 12 ക്ലാസ് ബോർഡ് പരീക്ഷകളിൽ പങ്കെടുത്തു ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കും ആവശ്യമായ മറ്റെല്ലാ യോഗ്യതകളും പൂർത്തീകരിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. അത്തരം ഉദ്യോഗാർത്ഥികളെ റിക്രൂട്ട്മെന്റ് പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർഥ മാർക്ക് ഷീറ്റ് ഹാജരാക്കുന്പോൾ മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ.
ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്മെന്റ് തെരഞ്ഞെടുപ്പ് പൂർണമായും നിഷ്പക്ഷവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമാണ്. റിക്രൂട്ടിംഗ് ഏജന്റുമാർ എന്ന വ്യാജേന വരുന്നവർക്ക് മുന്നിൽ ഇരയാകരുതെന്ന് അധികൃതർ അഭ്യർഥിച്ചു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.
ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
International
കൊളംബോ: അനധികൃതമായി മത്സ്യബന്ധനത്തിലേർപ്പെട്ടെന്നാരോപിച്ച് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന അറസ്റ്റ് ചെയ്തു. ബോട്ടുകളും വലകളും പിടിച്ചെടുത്തു.
വടക്കൻ ജാഫ്നയ്ക്കു സമീപം കങ്കേശൻതുറൈയിൽനിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ഇവർ പിടിയിലായതെന്നു നാവികസേന കമാൻഡർ ബുദ്ധിക സന്പത്ത് പറഞ്ഞു.
ഒക്ടോബർ ഒന്പതിന് തലൈമാന്നാറിൽനിന്ന് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടിയിരുന്നു.